വീട്ടിലേക്കു ഒരു ഇൻവെർട്ടർ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

#Inverter,#UPS,#ഇൻവെർട്ടർ,#SOLAR INVERTER
വീട്ടിലേക്കു ഒരു ഇൻവെർട്ടർ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

എന്നോട് ഒരുപാട് പേർ ചോദിച്ച സംശയം ആണ് ഇന്ന് ഞാൻ ഇവിടെ വിവരിക്കുന്നത്, കുറച്ചു ദീർഘാമായ ഒരു പോസ്റ്റ്‌ ആണ് എല്ലാവരും മുഴുവനും വായിക്കാൻ ശ്രമിക്കുക.

നമ്മുടെ വീടിരിക്കുന്ന മേഖലയിൽ ഒരു ദിവസം എത്ര നേരം വരെ പവർ കട്ട്‌ ഉണ്ടാകാം, അല്ലെങ്കിൽ കൂടുതൽ വൈദ്യുതി ഇല്ലാതിരിക്കുന്ന അവസ്ഥ ഉണ്ടോ? വീട്ടിലെ എത്ര ഉപകരണങ്ങൾ അല്ലെങ്കിൽ എത്ര ലൈറ്റ്, ഫാൻ, മറ്റുള്ളവ ഏതെല്ലാം ഇൻവെർട്ടർ ഉപയോഗിച്ചു പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കുന്നു എന്നത് അടിസ്ഥാനപ്പെടുത്തി ആണ് ഇൻവെർട്ടർ കപ്പാസിറ്റി, ബാറ്ററി കപ്പാസിറ്റി എന്നിവ തീരുമാനിക്കുന്നത്. സിറ്റി ഏരിയ യിൽ വളരെ നീണ്ട നേരത്തെ പവർ കട്ട് സ്വതവേ ഉണ്ടാകാറില്ല. എന്നാൽ മലയോര പ്രദേശം, ഗ്രാമ പ്രദേശം എന്നീ ഇടങ്ങളിൽ വളരെ നീണ്ട നേരത്തെ പവർ കട്ട് ഉണ്ടാകാറുണ്ട്.ആയതിനാൽ ഇത്തരം പ്രദേശങ്ങളിൽ കൂടുതൽ സമയം പ്രവർത്തിക്കുന്ന രീതിയിൽ ആകണം ഇൻവെർട്ടർ അല്ലെങ്കിൽ UPS ഘടിപ്പിക്കേണ്ടത്.
ഈ പറഞ്ഞത് ഓരോ സ്ഥലങ്ങളിൽ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. സാധാരണ ലോഡ് കൂടുതൽ ഉള്ള അഥവാ പ്രവർത്തിക്കാൻ ഒരുപാട് ഊർജം ആവിശ്യം ഉള്ള A/C, വാട്ടർ ഹീറ്റർ, പമ്പ് ഫ്രിഡ്ജ് എന്നിവ ഇൻവെർട്ടർ /UPS ഇൽ ആരും കണക്ട് ചെയ്യാറില്ല, സാധാരണ ഇൻവെർട്ടർ /UPS എന്നിവയിൽ ഉപയോഗിക്കാൻ പറ്റുകയും ഇല്ല. എന്നാൽ പുതിയ തലമുറ ഇൻവെർട്ടർ /UPS എന്നിവയിൽ ഇവ ഉപയോഗിക്കാൻ പറ്റും, എന്നാൽ അവയുടെ പണം മുടക്കുന്ന ചിലവ് നോക്കിയാൽ ജനറേറ്റർ നെ അപേക്ഷിച്ചു ചിലവ് കുത്തനെ കൂടുകയും ചെയ്യും. നമുക്ക് ഇവിടെ വീടുകളിൽ ഉപയോഗിക്കാവുന്ന സാധാരണ ഇൻവെർട്ടർ /UPS നെ കുറിച്ച് നോക്കാം.

സാധാരണ ഗതിയിൽ ഇപ്പോൾ വീടുകളിൽ LED ലൈറ്റ്, ഫാൻ, TV,കമ്പ്യൂട്ടർ, മ്യൂസിക് സിസ്റ്റം എന്നിവയൊക്കെയാണ്. എന്നാൽ സാധാരണ ക്കാരുടെ വീട്ടിലെ ഏറ്റവും വലിയ ഒരു പ്രശ്നം ആണ് മിക്സി കറന്റ് പോയാൽ വർക്ക്‌ ചെയ്യാൻ പറ്റാത്തകുന്നത്. മിക്കവാറും വീടുകളിൽ കറന്റ് പോകുമ്പോൾ കേൾക്കുന്ന നിലവിളി കുട്ടികളെ അപേക്ഷിച്ചു വീട്ടമ്മമാരുടെ ആണ്.അതു അടുക്കളയിൽ നിന്നും ആയിരിക്കും.അതു എങ്ങിനെ പരിഹരിക്കാം എന്ന് നമുക്ക് വഴിയെ നോക്കാം.
   
   ആദ്യം നമുക്ക് ലോഡ് കണക്ക് കൂട്ടാം. ഒരു എൽ ഇ ഡി ബൾബ് 10 മുതൽ 20 വാട്ട് വരെ, സാധാരണ ഫാൻ ഒന്നിനു 60 മുതൽ 80 വാട്ട് വരെ, (BLDC ഫാൻ ആണെങ്കിൽ 35 വാട്ട് ) ടെലിവിഷൻ എൽ ഇ ഡി ആണെങ്കിൽ സ്ക്രീൻ സൈസനുസരിച്ച് 80 വാട്ട്സ് വരെ. ഇതെല്ലാം കൂടി ഒന്ന് കൂട്ടി നോക്കുക. അതായത് നിങ്ങളൂടെ വിട്ടിൽ 10 പതിനഞ്ചു വാട്ട് LED ബൾബ്, ഒരു 80 വാട്ട് LED ടിവി 4 സീലിംഗ് ഫാനുകൾ (75 വാട്ട് വീതം) ഇന്നിവ കറണ്ട് പോകുന്ന സമയത്ത് പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ന് കരുതുക. മൊത്തം പവർ (10x15)+80+(75x4) = 530watts.
ഈ പറഞ്ഞ ഉപകരണങ്ങളെല്ലാം മൊത്തത്തിൽ ഒരു 80 ശതമാനം എഫിഷ്യൻസിയിലേ പ്രവർത്തിക്കൂ എന്നതിനാൽ 20% ഊർജ്ജ നഷ്ടം എങ്കിലും ഇതിനൊട് ചേർക്കേണ്ടി വരും.
കണക്കു കൂട്ടുന്നത് ഇങ്ങനെ
Total load = (10x15)+80+(75x4)= 530watts.
Load in KW =530/1000 =0.53kw 
Power in KVA= kw/PF. (Power Factor)
0.53/0.8 = 0.67kva
In VA = 0.67x1000 = 670 VA.

എന്നാൽ പൊതുവെ ഇൻവെർട്ടർ എന്ന ഉപകരണം അതിന്റെ 80% മാത്രമേ ദക്ഷത അഥവാ efficiency കിട്ടുകയുള്ളു. ആയതിനാൽ നമുക്ക് ഇവിടെ 850VA ഇൻവെർട്ടർ ആണ് നിർദേശിക്കാൻ പറ്റുന്നത്. 
ഇതാണ് നിങ്ങൾക്ക് ആവിശ്യമായ ലോഡ്.
ഇൻവെർട്ടറുകൾ തന്നെ പലതരത്തിൽ ഉണ്ട്
1) square wave inverter
2)Quasi wave inveter.
3)Sine wave inverter.

ഇൻവെർട്ടർ ബാറ്ററിയിൽ പ്രവർത്തിക്കുമ്പോൾ ഇൻവെർട്ടറുകൾ നൽകുന്ന കറന്റിന്റെ സ്വഭാവത്തെ അനുസരിച്ചാണീ തരം തിരിവ്. നമ്മുടെ വീട്ടിൽ ഇലക്ട്രിസിറ്റി ബൊഡിൽ നിന്നും ലഭിക്കുന്ന വൈദ്യുതി പ്യുവർ സൈൻ വേവ് ആണ്. പക്ഷേ ആദ്യകാലങ്ങളിൽ ഇൻവെർട്ടറുകൾക്ക് പ്യുവർ സൈൻ വേവ് നൽകാൻ കഴിഞ്ഞിരുന്നില്ല പകരം സ്ക്വയർ വേവ് ആയിരുന്നു നൽകിയിരുന്നത്. സൈൻ വേവ് ഉണ്ടാക്കുന്നതിന് ചെലവേറിയ സർക്കീട്ടുകൾ ഉപയോഗിക്കേണ്ടതായിട്ടുണ്ടായിരുന്നു. പിന്നെ സാധാരണ ഇലക്ട്രിക് ബൾബും ഫാനും എല്ലാം പ്രവർത്തിപ്പിക്കാൻ പ്യുവർ സൈൻ വേവ് അത്യാവശ്യവുമല്ലായിരുന്നു. അതുകൊണ്ട് ചില പോരായ്മകളൊക്കെ ഉണ്ടായിരുന്നിട്ടും ഒരു അഡ്ജസ്റ്റ്മെന്റ് എന്ന നിലയിൽ സ്ക്വയർ വേവ് ഇൻവെർട്ടറുകളും സ്ക്വയർ വേവിനെ ഒന്നു കൂടീ മോഡിഫൈ ചെയ്ത് സൈൻ വേവിനോട് ചേർന്ന് നിൽക്കുന്ന ക്വാസി സ്ക്വയർ വേവ്, സ്റ്റെപ്പ്ഡ് സ്ക്വയർ വേവ് തുടങ്ങിയ ഇൻവെർട്ടറുകൾ ഒക്കെ വന്നു. സൈൻ വേവ് അല്ലാത്ത ഇൻവെർട്ടറുകൾ ഉപയോഗിക്കുമ്പോൾ ഫാനുകൾ അല്പം ചൂടാകും. ടെലിവിഷനുകളിലേയും മറ്റ് സൗണ്ട് ബോക്സുകളിൽ നിന്നുമൊക്കെ വണ്ട് മൂളുന്നതുപോലെയുള്ള ശബ്ദശല്ല്യം ഉണ്ടാകും, ട്യൂബ് ലൈറ്റുകളുടെ ചോക്ക് മൂളിക്കൊണ്ടിരിക്കും എന്ന് തുടങ്ങി അല്ലറ ചില്ലറ പ്രശ്നങ്ങൾ അനുഭവപ്പെടും. ഈ പ്രശ്നങ്ങളൊക്കെ അറിയാമായിരുന്നിട്ടും വിലയിൽ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നതിനാൽ സൈൻ വേവ് ഇൻവെർട്ടറുകൾ പൊതുവേ വിപണിയിൽ അത്ര പ്രിയങ്കരമായിരുന്നില്ല. പക്ഷേ ഇപ്പോൾ സ്ഥിതി മാറി സൈൻ വേവ് ഇൻവെർട്ടറുകളും മറ്റ് ഇൻവെർട്ടറുകളും തമ്മിൽ കാര്യമായ വില വ്യത്യാസമില്ല. അതുകൊണ്ട് ഒരു പത്തോ അഞ്ഞൂറോ അധികം കൊടുത്താലും സൈൻ വേവ് ഇൻവെർട്ടറുകൾ തന്നെ തെരഞ്ഞെടുക്കുക. നിങ്ങളൂടെ ഉപകരണങ്ങളൂടെ ആയുസ്സിനും ശബ്ദശല്ല്യമില്ലാത്ത പ്രവർത്തനത്തിനും അതാണ് ഏറ്റവും അനുയോജ്യം. സോളാർ ഇൻവെർട്ടർ നെ കുറിച്ച് അടുത്ത പോസ്റ്റിൽ വിശദമായി പരിചയപ്പെടാം.

   ഇനി ബാറ്ററിയിലേക്ക് വരാം. ഇൻവെർട്ടറിനേക്കാൾ വിലയുള്ളത് ബാറ്ററിക്കാണെന്നതിനാൽ ബാറ്ററി വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ലെഡ് ആസിഡ് ബാറ്ററികൾ ആണ് ഇൻവെർട്ടറുകൾക്കായി ഉപയോഗിക്കപ്പെടുന്നത്. ഒരു ബാറ്ററി 12 വോൾട്ടീന്റേത് ആയിരിക്കും. നിങ്ങളുടെ ഇൻവെർട്ടർ 1KVA യിലും താഴെ ഉള്ളതാണെങ്കിൽ 12 വോൾട്ട് ബാറ്ററി മതിയാകും. 1 KVA യിൽ അധികം കപ്പാസിറ്റിയുള്ള ഇൻവെർട്ടറുകളിലെല്ലാം 24 വോൾട്ട് അഥവാ 2 ബാറ്ററികൾ ഉപയോഗിക്കേണ്ടി വരും എന്ന തള്ളവിരൽ നിയമം (Thumb Rule) അറിഞ്ഞിരിക്കുക. ഈ ഒരു പ്രശ്നം ഉള്ളതിനാൽ സാദ്ധ്യമാകുമെങ്കിൽ ലോഡ് പരിമിതപ്പെടുത്തി 1 KVA യിൽ താഴെയുള്ള ഇൻവെർട്ടറുകൾ വാങ്ങുക. ബാറ്ററിയുടെ കപ്പാസിറ്റി ആമ്പിയർ- അവർ ൽ ആണ് സൂചിപ്പിക്കുക അതായത് 60 Ah, 80 Ah, 100 Ah, 130 Ah, 150 Ah, 180 Ah അങ്ങിനെ പോകുന്നു. വാഹനങ്ങളിൽ ഉപയോഗിക്കുന്നതും ഇതുപോലെയുള്ള ലെഡ് ആസിഡ് ബാറ്ററികൾ ആണെങ്കിലും ഈ ബാറ്ററികൾ കണക്റ്റ് ചെയ്താലും ഇൻവെർട്ടറുകൾ പ്രവർത്തിക്കും എങ്കിലും വാഹനങ്ങളുടെ ബാറ്ററികൾ ഇൻവെർട്ടറുകളിൽ ഉപയോഗിക്കാതിരിക്കുക. കാരണം രണ്ടിന്റേയും ഉപയോഗത്തിനനുസരിച്ചുള്ള രൂപ കല്പനകളിൽ വ്യത്യാസമുണ്ട്. കാർ ബാറ്ററികൾ സ്റ്റാർട്ടിംഗ് മൊട്ടോറുകൾ പ്രവർത്തിപ്പിക്കാനായി കുറഞ്ഞ സമയത്തേക്ക് പരമാവധി കറന്റ് നൽകാനായി ഡിസൈൻ ചെയ്യപ്പെട്ടവയാണ്. ഇൻവെർട്ടർ ബാറ്ററികളാകട്ടെ ഏകദേശം ഒരേ നിലയിലുള്ള കറന്റ് ദീർഘ നേരം നൽകാൻ കഴിയുന്ന രീതിയിൽ ഉള്ളതും. ഈ സാഹചര്യത്തിൽ ഇൻവെർട്ടറുകൾക്കായി തയ്യാർ ചെയ്യപ്പെട്ട ട്യൂബുലാർ ബാറ്ററികൾ ആയിരിക്കും കൂടുതൽ അഭികാമ്യം. ഇൻവെർട്ടർ ബാറ്ററികൾ തന്നെ പല തരത്തിലുള്ളവയുണ്ട്. സാധാരണ ഫ്ലഡ്ഡഡ് ആസിഡ് ബാറ്ററികൾ( FLA), സീൽഡ് ലെഡ് ആസിഡ് എന്ന വിഭാഗത്തിൽ പെടുന്ന മെയിന്റനൻസ് ഫ്രീ VRLA ( വാൽവ് റെഗുലേറ്റഡ് ലെഡ് ആസിഡ് ബാറ്ററികൾ) തുടങ്ങിയവ അതിൽ പ്രധാനപ്പെട്ട ഉപ വിഭാഗങ്ങളാണ്. ഇതിൽ സാധാരണ ലെഡ് ആസിഡ് ബാറ്ററികൾക്കാണ് ഏറ്റവും വിലക്കുറവ്. അതിൽ ഇടയ്ക്കിടെ ഇലക്ട്രോളൈറ്റിന്റെ അളവ് പരിശോധിച്ച് ഡിസ്റ്റിൽഡ് വാട്ടർ നിറച്ച് കൊടുക്കേണ്ടതായുണ്ട്. ഉപയോഗത്തിനും കാലാവസ്ഥക്കും അനുസരിച്ച് പൊതുവേ രണ്ടോ മൂന്നോ മാസങ്ങൾ കൂടുമ്പൊൾ ഇത് മതിയായിരിക്കും. നല്ല വായു സഞ്ചാരം ഉള്ളിടത്ത് ആയിരിക്കണം ഇവ സ്ഥാപിക്കേണ്ടത്. VRLA ബാറ്ററികൾക്ക് വിലക്കൂടൂതൽ ആണെങ്കിലും ഇടയ്ക്കിടയ്ക് വെള്ളമൊഴിച്ച് കൊടുക്കേണ്ട, ഗ്യാസ് എമിഷൻ കുറവാണ്, മറിഞ്ഞ് വീണ് ആസിഡ് ലീക്ക് ആകുമെന്ന പേടി വേണ്ട തുടങ്ങിയ ഗുണങ്ങളൊക്കെ ഉള്ളത് കൊണ്ട് വില താങ്ങാനാകുമെങ്കിൽ വാങ്ങാവുന്നതാണ്. പക്ഷേ വിൽക്കുന്ന സമയത്ത് VRLA ബാറ്ററികളൂടെ ആക്രി വില സാധാരണ ബാറ്ററികളെ അപേക്ഷിച്ച് കുറവായിരിക്കും എന്ന് ഓർക്കുക.പക്ഷെ ഇപ്പോൾ വിപണിയിൽ Lithium iron ബാറ്ററി കിട്ടുന്നുണ്ട്, താരതമ്യേ വില കൂടുതൽ ആണെങ്കിലും അതു നൽകുന്ന efficiency, ലൈഫ് എന്നിവ നോക്കിയാൽ ഈ മോഡൽ ആണ് അഭികാമ്യം.സാധാരണ 7 മുതൽ 8 വർഷം വരെ ഇത്തരം ബാറ്ററികൾ ലൈഫ് കിട്ടുന്നവയാണ്.

   ബാറ്ററികളുടെ കപ്പാസിറ്റിയിലേക്ക് തിരിച്ച് വരാം. 150 Ah ബാറ്ററി എന്നതിനർത്ഥം 12 വോൾട്ട് 150 ആമ്പിയർ കറന്റ് ഒരു മണിക്കൂർ നേരത്തേക്ക് നൽകാൻ ശക്തിയുള്ള ബാറ്ററി എന്നാണ്. അല്ലെങ്കിൽ 15 ആമ്പിയർ കറന്റ് പത്ത് മണിക്കൂർ നേരത്തേക്ക് എന്നും 5 ആമ്പിയർ 30 മണിക്കൂർ നേരത്തേക്കും എന്നൊക്കെ പറയാം. അതായത് ആമ്പിയർ അവർ കപ്പാസിറ്റി കൂടുമ്പോൾ കൂടുതൽ നേരത്തേക്ക് കറന്റ് നൽകാൻ ബാറ്ററിക്ക് ആകുന്നു. ഇനി ഇൻവെർട്ടർ എത്ര നേരം ബാക്കപ്പ് നൽകും എന്ന് കണ്ടുപിടിക്കാനുള്ള ഒരു ലളിതമായ കണക്ക് കൂട്ടൽ നോക്കാം
ഇൻവെർട്ടർ ബാക്കപ്പ് (മണിക്കൂറിൽ ) = ( ബാറ്ററി കപ്പാസിറ്റി x ബാറ്ററി വോൾട്ടേജ് x ഊർജ്ജക്ഷമത ) / ലോഡ് (വി എ യിൽ)
നിങ്ങൾ 500വാട്ട് ലോഡ് 12 വോൾട്ട് 100 ആമ്പിയർ അവർ ബാറ്ററി ഉള്ള ഒരു ഇൻവെർട്ടറിൽ ഉപയോഗിക്കുന്നു എന്ന് കരുതുക. ഇൻവെർട്ടറുകളുടെ പൊതുവേയുള്ള ഊർജ്ജ ക്ഷമത 80% മുതൽ 90 ശതമാനം വരെ മാത്രമായിരിക്കും. ഈ വിവരങ്ങൾ വച്ച് ഒന്ന് കണക്ക് കൂട്ടി നോക്കാം (150x12x0.8)/500= 2.8 മണിക്കൂർ.
ഇതിൽ നിന്നും ബാറ്ററിയുടെ കപ്പാസിറ്റി കൂട്ടിയാൽ ബാക്കപ്പ് ടൈം എങ്ങിനെ കൂടുന്നു എന്ന് മനസ്സിലാക്കാമല്ലോ. 150 നു പകരം 200Ah ഉപയോഗിച്ചാൽ ബാക്കപ്പ് 3.84 മണിക്കൂർ ആയി കൂടും. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക ഇൻവെർട്ടറും ബാക്കപ്പും തമ്മിൽ കാര്യമായ ബന്ധമൊന്നുമില്ല. ഇൻവെർട്ടറിന്റെ ഊർജ്ജ ക്ഷമത മാത്രമാണ് ചെറുതായെങ്കിലും സ്വാധീനം ചെലുത്തുന്നത്. ശരിയായ ശേഷിയുള്ള നല്ല ഒരു ബാറ്ററി തെരഞ്ഞെടുക്കുന്നത് ഇവിടെ പരമപ്രധാനമാണ്. ബാറ്ററികളിൽ Ah റേറ്റിംഗിനും പുറമെ C5, C10, C20 തുടങ്ങിയ റേറ്റിംഗുകളും കാണാം. ഇതിനർത്ഥം പ്രസ്തുത ബാറ്ററി എത്ര മണിക്കൂർ നേരം കൊണ്ട് ഡിസ്ചാർജ് ചെയ്യാം എന്നതിനെ സൂചിപ്പിക്കുന്നു. അതായത് 100 Ah C 5 ബാറ്ററി 20 ആമ്പിയർ അഞ്ചു മണിക്കൂർ കൊണ്ട് തന്ന് തീർക്കും. അതിൽ കൂടൂതൽ കറന്റ് ഇതിൽ നിന്നും എടുക്കാൻ നോക്കിയാൽ ബാറ്ററിയുടെ ആയുസ്സ് കുറയും. 100Ah C10 ബാറ്ററി 10 ആമ്പിയർ കറന്റ് 10 മണിക്കൂർ നേരത്തേക്ക് നൽകാൻ കഴിവുള്ളതാണ്. അതിലും കൂടൂതൽ ലോഡ് നൽകി ബാറ്ററിയെ പെട്ടന്ന് ഡിസ്ചാർജ് ചെയ്യിച്ചാൽ അത് ദോഷം ചെയ്യും. പൊതുവേ വല്ലപ്പോഴും കറന്റ് പോകുന്ന ശരാശരി ഗാർഹിക ഉപയോഗങ്ങൾക്ക് C20 ബാറ്ററി ആണ് കൂടുതൽ ഉപയോഗപ്പെടുത്തുന്നത് എങ്കിലും ബാറ്ററി കൂടൂതലായി ഉപയോഗപ്പെടുത്തുന്ന സോളാർ സംവിധാനം കൂടി ചേർക്കാൻ ഉദ്ദേശമൂണ്ടെങ്കിൽ C10 ബാറ്ററികൾ ഉപയോഗിക്കാം. 

ബാറ്ററി വാങ്ങുമ്പോൾ ബാറ്ററിയിൽ സ്പെഷ്യലൈസ് ചെയ്ത കമ്പനികളിൽ നിന്നും വാങ്ങുന്നത് തന്നെയാണ് ഉത്തമം. അതായത് എക്സൈഡ്, ആമറോൺ തുടങ്ങിയവ ഉദാഹരണങ്ങൾ. ഇൻവെർട്ടറുകൾ എത്ര നാൾ വേണമെങ്കിലും ഉപയോഗിക്കാമെങ്കിലും ബാറ്ററികളുടെ കാര്യം അങ്ങനെ അല്ല. എത്ര നല്ല ടുബുലർ ബാറ്ററി ഉപയോഗിച്ചാലും ഉപയോഗത്തിനനുസരിച്ച് പരമാവധി 5 വർഷമൊക്കെ ആയുസ്സ് ലഭിച്ചേക്കാം. ബാറ്ററി വാങ്ങുമ്പോൾ വാറന്റിയുടെയും എക്സ്റ്റൻഡഡ് വാറന്റിയുടേയും കാര്യത്തിൽ പിശുക്ക് കാണിക്കരുത്. കാരണം എപ്പോൾ വേണമെങ്കിൽ നാശമാകാൻ സാദ്ധ്യതയുള്ള ഒന്നാണിത് എന്നതു തന്നെ. കൂടുതൽ കാലം റീപ്ലേസ്മെന്റ് ഗ്യാരണ്ടി നൽകുന്ന ബാറ്ററികൾ അല്പം വിലക്കൂടുതൽ ആയാലും തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും. വലിയ കമ്പനികളോട് കിടപിടിക്കുന്ന ഗുണനിലവാരമുള്ള ചില ലോക്കൽ ബ്രാൻഡ് ബാറ്ററികളും ഉണ്ട്. അതിനാൽ ബാറ്ററികളുടേയ്യും വിൽപ്പനാനന്തര സേവനങ്ങളുടേയ്യും കാര്യത്തിൽ അല്പം ഗവേഷണം നടത്തിയതിനു ശേഷം വാങ്ങുന്നതായിരിക്കും നല്ലത്. 

    ബാറ്ററിയുടെ കപ്പാസിറ്റിയെക്കുറിച്ച് നേരത്തേ പറഞ്ഞല്ലോ. കേരളത്തിലെ സാഹചര്യത്തിൽ മഴക്കാലത്തെ ചില പ്രത്യേക ദിവസങ്ങളിൽ ഒഴിച്ച് മണിക്കൂറുകൾ നീളുന്ന വൈദ്യുത തടസ്സങ്ങൾ അപൂർവ്വം ആയിരിക്കും. അതിനാൽ വലിയ കപ്പാസിറ്റി ഉള്ള ബാറ്ററികൾ യഥാർത്ഥത്തിൽ ഇവിടെ ഉപയോഗിക്കേണ്ട ആവശ്യവുമില്ല. പൊതുവേ നമ്മൂടെ നാട്ടിൽ ഉപയോഗപ്പെടുത്തുന്ന ഇൻവെർട്ടർ + ബാറ്ററി കോമ്പിനേഷൻ 850 വി എ ഇൻവെർട്ടർ + 150 ആമ്പിയർ അവർ ബാറ്ററി എന്നതാണ്. ഇതിൽ 150Ah വേണമെന്ന് യാതൊരു നിർബന്ധവും ഇല്ല 100Ah ചെറിയ വൈദ്യുത തടസ്സമുള്ള സാഹചര്യത്തിൽ ധാരാളം മതിയാകും.

ഇൻവെർട്ടർ / UPS എങ്ങിനെ കണക്ട് ചെയ്യാം എന്നും മറ്റും വിശദമായി ഇതിനു മുന്നേ ഉള്ള എന്റെ പോസ്റ്റിൽ ഞാൻ വിശദീകരിച്ചിട്ടുണ്ട്. ഇതിനു മുന്നേയുള്ള പോസ്റ്റ്‌ വായിക്കുക.

നിങ്ങളുടെ സംശയങ്ങൾ എന്നോട് ചോദിക്കാം എന്റെ സമയപരിധിയിൽ നിന്നുകൊണ്ട് ഞാൻ മറുപടി തരാം. ഇലക്ട്രിക്കൽ,പ്ലബിങ് ഡിസൈൻ, ഡ്രോയിങ്, എസ്റ്റിമേറ്റ് എന്നിവ ചെയ്തു കൊടുക്കുന്നതാണ്.

ABHINAND K
MEP CONSULTANT

Comments

Popular posts from this blog

വീട് വൈദ്യുതീകരണം അഥവാ വീട് വയറിങ്. ഭാഗം -1

വീടിന്റെ ഇലക്ട്രിക്കൽ വർക്ക്‌ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 21 കാര്യങ്ങൾ.ഭാഗം -1

വീടിന്റെ വയറിങ് ചെയ്യുമ്പോൾ ELCB/RCCB ഉപയോഗിക്കുന്നു അതിന്റെ ആവിശ്യകത.